ധവള വിപ്ലവത്തിന്റെ പിതാവ്
ഡോ. വര്‍ഗീസ് കുര്യന്‍
അന്തരിച്ചു.
1921 നവംബര്‍ 26 ന് കോഴിക്കോടാണ് വര്‍ഗീസ് കുര്യന്‍ ജനിച്ചത്. പഠനത്തിന് ശേഷം ഇന്ത്യയിലെത്തിയ കുര്യന്‍ ജാംഷെഡ്പൂരിലെ ടാറ്റയുടെ ഉരുക്കു നിര്‍മ്മാണശാലയില്‍നിന്ന് പ്രത്യേക പരിശീലനം നേടി. 1946 ഫെബ്രുവരിയില്‍ അദ്ദേഹം ബാംഗ്ലൂരിലെ നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒമ്പതുമാസത്തെ പ്രത്യേക പരിശീലന കോഴ്‌സില്‍ ചേര്‍ന്നു. ഈ പരിശീലനമാണ് ക്ഷീരമേഖലയിലേക്ക് അദ്ദേഹത്തെ വഴിതിരിച്ചുവിട്ടത്. 1948 ല്‍ കേന്ദ്രസര്‍ക്കാരിന്റെ ക്ഷീരവികസന വകുപ്പില്‍ അദ്ദേഹം ജോലിക്കായി ചേര്‍ന്നു. 1949 മെയ് മാസത്തില്‍ ഗുജറാത്തിലെ ആനന്ദില്‍ പാല്‍പ്പൊടിയുണ്ടാക്കുന്ന ഒരു യൂണിറ്റില്‍ ഡയറി എഞ്ചീനീയറായി വര്‍ഗീസ് കുര്യന്‍ സേവനമാരംഭിച്ചു.
തുടര്‍ന്ന് സ്വകാര്യ പാല്‍ ഉല്‍പാദന കമ്പനികളില്‍ നിന്നുള്ള കടുത്ത മത്സരത്തെ അതിജീവിച്ച് പാല്‍ കര്‍ഷകരുടെ കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കി. ഗുജറാത്തിലെ കെയ്‌റയില്‍ ആദ്യപാല്‍കര്‍ഷക സഹകരണസംഘത്തിന് രൂപം നല്‍കി. പിന്നീട് പാല്‍സംസ്‌കരണ യൂണിറ്റ് സ്ഥാപിച്ച അദ്ദേഹം സര്‍ക്കാര്‍ ഉദ്യോഗം രാജിവെയ്ക്കുകയും പാല്‍ ഉത്പാദക യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയവും മുഴുകുകയും ചെയ്തു.
ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാല്‍ ഉത്പാദക രാജ്യമായി മാറ്റിയതില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഡോ. വര്‍ഗീസ് കുര്യന്‍. ഓപ്പറേഷന്‍ ഫ്ലഡ് എന്ന ലോകത്തെ ഏറ്റവും വലിയ ക്ഷീരവികസന പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയത് ഡോ. വര്‍ഗീസ് കുര്യന്‍ . ഗുജറാത്ത് കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ രൂപവത്കരിച്ച അദ്ദേഹം അമുല്‍ എന്ന പാല്‍ഉത്പന്ന ബ്രാണ്ടിന് തുടക്കം കുറിക്കുകയും അതിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. 1973 ല്‍ ഗുജറാത്തില്‍ മറ്റ് പാല്‍ ഉല്‍പ്പന്നങ്ങളുടെ ഒരു സഹകരണസംഘവും ഡോ.കുര്യന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചു. പിന്നീട് ഇത് ലോകത്തെ പാല്‍-ഇതര ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ യൂണിറ്റായി മാറി.
അദ്ദേഹത്തെ തേടിയെത്തിയ ബഹുമതികള്‍.......... രമണ്‍ മാഗ്‌സാസെ അവാര്‍ഡ് (1963), പത്മശ്രീ പുരസ്‌കാരം (1965), പത്മഭൂഷന്‍ (1966), കൃഷിരത്‌ന അവാര്‍ഡ് (1986), കാര്‍നെജി ഫൗണ്ടേഷന്റെ വെറ്റ്‌ലര്‍ പീസ് പ്രൈസ് അവാര്‍ഡ് (1986), വേള്‍ഡ് ഫുഡ് പ്രൈസ് (1989), ഇന്റര്‍നാഷണല്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ (1993), പത്മ വിഭൂഷണ്‍ (1999).