ഐസോണ്‍ ധൂമകേതു
ISON (International Scientific
Optical Network)
റഷ്യയിലെ
ജ്യോതിശാസ്ത്രജ്ഞരായ Vitali Nevski, Artyom Novichonok എന്നിവരാണ് ടെലിസ്കോപ്പ് ഉപയോഗിച്ച് ഐസോണ്‍ ധൂമകേതുവിനെ ആദ്യമായി കണ്ടത്. അവര്‍
പ്രതിനിധീകരിച്ചിരുന്ന സംഘടനയായ ISON-ന്റെ (International Scientific
Optical Network) പേരിലാണ് ഈ ധൂമകേതു പരക്കെ അറിയപ്പെടുന്നത് എങ്കിലും
ഇതിന്റെ ഔദ്യോഗിക നാമം C/2012 S1 എന്നാണ്. ഇതില്‍ C എന്ന അക്ഷരം ഈ ധൂമകേതു
ഒരു ക്രമാവര്‍ത്തനസ്വഭാവം (നിശ്ചിത ഇടവേളകളില്‍ വന്നുപോകുന്ന സ്വഭാവം)
ഇല്ലാത്തതാണ് എന്ന് സൂചിപ്പിക്കുന്നു. 2012 അത് ആദ്യം നിരീക്ഷിക്കപ്പെട്ട
വര്‍ഷത്തെയും, S എന്ന അക്ഷരം സെപ്റ്റംബറിനെയും 1 എന്നത് ആ മാസത്തില്‍
കാണപ്പെടുന്ന ആദ്യത്തെ ധൂമകേതു എന്നതിനെയും സൂചിപ്പിക്കുന്നു.
കണ്ടുപിടിക്കപ്പെടുമ്പോ ഭൂമിയില്‍ നിന്നും ഏതാണ്ട് ഒരു ബില്യണ്‍
കിലോമീറ്റര്‍ അകലെ സൂര്യനിലേക്കുള്ള അതിന്റെ സഞ്ചാരവഴിയിലായിരുന്നു അത്.
ഏതാണ്ട് 10,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഊര്‍ട്ട് മേഘങ്ങളില്‍ നിന്നും
പുറപ്പെട്ടതാണത്രേ ഇത് . സൂര്യസ്പര്‍ശികള്‍’ (Sugrazers) എന്ന
വിഭാഗത്തില്‍ പെടുത്താവുന്ന ധൂമകേതുവാണിത്. സൂര്യനോട് വളരെ അടുത്ത്
ചെല്ലുന്ന ഇക്കൂട്ടരില്‍ ഭൂമിയെക്കാള്‍ സൂര്യനോട് നൂറ് മടങ്ങ് (12 ലക്ഷം
കിലോമീറ്റര്‍) അടുത്തുവരെ ചെല്ലാന്‍ സാധ്യതയുള്ള ആളാണ് ഐസോണ്‍.
സൂര്യനോട്
അടുത്തെത്തുമ്പോ ആകാശത്തു ചന്ദ്രനെക്കാള്‍ തിളക്കം വെക്കാന്‍ സാധ്യത ഉള്ള ഒരു ധൂമകേതുവാണ് ഐസോണ്‍. നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രം എന്ന ഓമനപ്പേരിന്
അര്‍ഹനാകുകയും ചെയ്തിരുന്നു അത്. എന്നാല്‍ കൃത്യമായ ഒരു പ്രവചനത്തിനും
വഴങ്ങാത്ത കൂട്ടരാണ് ധൂമകേതുക്കള്‍ എന്നതൊരു പ്രശ്നമാണ്.
സൌരയൂഥത്തിനുള്ളിലൂടെയുള്ള യാത്ര തീരെ സുരക്ഷിതമല്ല അവയ്ക്ക്. സൂര്യന്റെ
വേലിയേറ്റ ബലങ്ങളും സൌരവികിരണവും ഒക്കെ ഇവയെ തകര്‍ത്തുകളഞ്ഞെന്നു വരാം.
പ്രതീക്ഷകള്‍ നശിപ്പിക്കാനുള്ള ‘ലൈസന്‍സ്’ അതുകൊണ്ട് അവര്‍ക്കുണ്ട്.
2013
ജനുവരിയില്‍ നാസയുടെ Deep Impact ബഹിരാകാശപേടകം ഐസോണിനെ നിരീക്ഷിക്കുകയും
ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്നു നാസയുടെ തന്നെ Swift ദൌത്യവും
ഹബിള്‍ ദൂരദര്‍ശിനിയും അതിനെ കൂടുതല്‍ വിശദമായി പഠിക്കുകയും നിരവധി പുതിയ
വിവരങ്ങള്‍ തരികയും ചെയ്തു. തിളക്കം കണ്ടിട്ട് നല്ല വലിപ്പമുള്ള
ധൂമകേതുവായിരിക്കും ഇത് എന്ന ശാസ്ത്രലോകത്തിന്റെ ഊഹം തെറ്റിച്ചുകൊണ്ട്
പരമാവധി 7 കിലോമീറ്റര്‍ മാത്രം വലിപ്പമേ ഇതിനുള്ളൂ എന്ന്‍ ഹബിള്‍ നമുക്ക്
കാട്ടിത്തന്നു. ഇതിന്റെ കോമയ്ക്ക് 5000 കിലോമീറ്ററും വാലിന് ഏതാണ്ട് 1
ലക്ഷം കിലോമീറ്ററും വലിപ്പമുണ്ട് എന്നും മനസ്സിലായി. ജൂണ്‍ മാസത്തില്‍
സ്പിറ്റ്സര്‍ ടെലിസ്കോപ്പും ഐസോണിനെ പഠിച്ചു. അതിന്റെ ഫലങ്ങള്‍ ഇനിയും
പുറത്തുവരാന്‍ ഇരിക്കുന്നതേ ഉള്ളൂ.
ജൂണ്‍-ജൂലൈ മാസങ്ങള്‍ ആയപ്പോള്‍
ഐസോണ്‍ സൂര്യന്റെ നീഹാരരേഖ (frost line) എന്നറിയപ്പെടുന്ന സവിശേഷ
അകലത്തില്‍ (370 മുതല്‍ 450 മില്യണ്‍ കിലോമീറ്റര്‍) എത്തി . അപ്പോഴേക്കും
ഭൂമിയെ അപേക്ഷിച്ച് അത് സൂര്യന്റെ മറുഭാഗത്ത് ആയതിനാല്‍ ഇവിടെ നിന്നും
നമുക്ക് നിരീക്ഷിക്കാന്‍ കഴിയാതെ വന്നിരുന്നു. ഈ ദൂരം ഒരു ധൂമകേതുവിനെ
സംബന്ധിച്ചു നിര്‍ണ്ണായകമാണ്. ഈ അകലത്തില്‍ വെച്ചാണ് സൂര്യന്റെ വികിരണം
മതിയായ അളവില്‍ അതില്‍ ഏല്‍ക്കാന്‍ തുടങ്ങുന്നതും അതിലെ ജലം
ബാഷ്പീകരിക്കപ്പെടുന്നതും. ഈ ഘട്ടത്തില്‍ അതിന്റെ തിളക്കം വളരെ വേഗം
വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.
ജൂണ്‍-ജൂലൈ മാസങ്ങളില്‍ സൂര്യന്
പിന്നിലെ ഒളിത്താമസത്തിന് ശേഷം ആഗസ്റ്റ് 12-നു അരിസോണയിലെ ഒരു ജ്യോതിശാസ്ത്രജ്ഞനായ ബ്രൂസ് ഗാരിയാല്‍ (Bruce Gary)
വീണ്ടും കണ്ടെത്തിയ ഐസോണ്‍ പക്ഷേ നമ്മളെ അല്പം നിരാശരാക്കിയിട്ടുണ്ട്. കണക്ക്
കൂട്ടിയിരുന്നതിന്റെ ആറില്‍ ഒന്ന് തിളക്കം (കാന്തിമാനം രണ്ടു കുറവ്)
മാത്രമേ ഇപ്പോള്‍ അതിനുള്ളൂ. ഗാരിയെക്കൂടാതെ മറ്റ് പലരും പിന്നീട്
ഐസോണിന്റെ ചിത്രമെടുത്തു. ഐസോണ്‍ പ്രതീക്ഷയ്ക്കൊത്ത് തിളക്കം വെച്ചിട്ടില്ല
എന്ന്‍ എല്ലാവരും കണ്ടു. എന്നാല്‍ തീര്‍ത്തും നിരാശരാകേണ്ട കാര്യമില്ല.
ഐസോണ്‍ ഒരു നല്ല ആകാശക്കാഴ്ച സമ്മാനിക്കും എന്ന് തന്നെയാണ് ഇപ്പൊഴും
പ്രതീക്ഷ. വരുന്ന സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഐസോണിന്റെ തിളക്കം
വീണ്ടും കൂടുകയും ചിങ്ങം രാശിയിലെ മകം നക്ഷത്രത്തിനടുത്തായിട്ടും പിന്നീട്
ചൊവ്വാഗ്രഹത്തിനടുത്തായിട്ടും കാണപ്പെടുകയും ചെയ്യും.
നവംബര്‍ 28-നാണ്
ഐസോണ്‍ സൂര്യനോട് ഏറ്റവും അടുത്തെത്തുന്നത്. അതിന് മൂന്നാഴ്ച മുന്നേ
നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന തിളക്കം അത് ആര്‍ജ്ജിക്കും എന്ന്
കരുതപ്പെടുന്നു. എന്നാല്‍ സൂര്യന്റെ ഇത്രയും അടുത്തേക്കുള്ള പോക്ക് ഒരു
ധൂമകേതുവിനെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയാണ്. ചിലപ്പോള്‍
സൌരപ്രഭാവത്താല്‍ ഇത് ചിതറിപ്പോകാന്‍ സാധ്യതയുണ്ട്. 7 കിലോമീറ്ററില്‍ താഴെ
മാത്രം വലിപ്പമുള്ള ഐസോണിന്റെ ശരീരം ചിലപ്പോള്‍ പൂര്‍ണമായി ബാഷ്പീകരിച്ചു
പോയെന്നും വരാം. അങ്ങനെ വന്നാല്‍ ഐസോണ്‍ നമുക്ക് കാണാന്‍ കഴിയാത്തവിധം
നശിപ്പിക്കപ്പെടും. അങ്ങനെ സംഭവിച്ചില്ല എങ്കില്‍ സൂര്യനില്‍ നിന്നും
കൂടുതല്‍ തിളക്കത്തോടെ അത് അകന്നുപോകാന്‍ തുടങ്ങും. സൂര്യനോട്
അടുത്തുള്ളപ്പോള്‍ അതിന് പരമാവധി തിളക്കം കൈവരും എങ്കിലും സൂര്യപ്രഭയെ
മറച്ച് സൂര്യനടുത്തുള്ള വസ്തുക്കളെ നിരീക്ഷിക്കാന്‍ വൈദഗ്ദ്ധ്യം
ഉള്ളവര്‍ക്ക് മാത്രമേ ഐസോണിനെ ആ സമയം കാണാന്‍ കഴിയൂ. കന്നി രാശിയില്‍
ചിത്തിര നക്ഷത്രത്തിനും ശനിഗ്രഹത്തിനും അടുത്തായിരിക്കും.
ഡിസംബര്‍
മാസത്തിലാകും ഏറ്റവും സൌകര്യമായി ഇതിനെ നിരീക്ഷിക്കാന്‍ കഴിയുക. സൂര്യനില്‍
നിന്നും അകന്ന്‍ തുടങ്ങുന്നതോടെ സൂര്യപ്രഭയുടെ തടസ്സം ഇല്ലാതെ അസ്തമയം
കഴിഞ്ഞ ഉടനെയും ഉദയത്തിന് മുന്നെയും യഥാക്രമം പടിഞ്ഞാറും കിഴക്കും
ചക്രവാളങ്ങളില്‍ നമുക്ക് ഐസോണിനെ കാണാന്‍ കഴിയും. ആകാശത്തിനെ
കാല്‍ഭാഗത്തോളം നീളം വരുന്ന അതിന്റെ വാല്‍ ഒരു മനോഹര കാഴ്ച ആയിരിയ്ക്കും.
2014 ജനുവരി ആകുമ്പോഴേക്കും അത് ധ്രുവനക്ഷത്രത്തിനടുത്തേക്ക്
നീങ്ങിയിട്ടുണ്ടാകും. ഒരുപക്ഷേ അപ്പോഴും അത് നഗ്നനേത്രങ്ങള്‍ക്ക്
ദൃശ്യമാകുമായിരിക്കാം. പക്ഷേ സൂര്യനില്‍ നിന്നുള്ള അകല്‍ച്ച തുടച്ചയായി
അതിന്റെ തിളക്കം കുറയ്ക്കുകയും പതിയെ അത് അദൃശ്യമാകുകയും ചെയ്യും. ഹാലിയുടെ
ധൂമകേതുവിനെപ്പോലെ ക്രമാവര്‍ത്തനസ്വഭാവം ഇല്ലാത്തതിനാല്‍ അതോടെ ഐസോണ്‍ ഇനി
ഒരിയ്ക്കലും കാണാനാവാത്ത വിധം ഓര്‍മ്മ മാത്രമായി മാറും.
ഐസോണ്‍ വാല്‍നക്ഷത്രത്തെ നമുക്ക് കാണാന്‍ കഴിയുമോ? കഴിയും എന്ന്‍ തന്നെയാണ് ഇപ്പോഴും പറയേണ്ടത്. കണക്കുകൂട്ടിയിരുന്ന അത്രയും
തിളക്കം അതിന് ആര്‍ജ്ജിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതിനാല്‍ നൂറ്റാണ്ടിന്റെ
വാല്‍നക്ഷത്രം എന്ന വിശേഷണം അതിപ്പോള്‍ അര്‍ഹിക്കുന്നില്ല തന്നെ.
എങ്കിലും, മനോഹരമായ ഒരു ദൃശ്യാനുഭവം നല്‍കാനുള്ള സാധ്യത ഇപ്പൊഴും ഐസോണില്‍
അവശേഷിക്കുന്നുണ്ട്. എല്ലാ പ്രതികൂല സാധ്യതകളും മറികടന്ന്‍ ഐസോണ്‍
ദൃശ്യമായാല്‍, ഉറപ്പായും, ജീവിതത്തില്‍ നിങ്ങള്‍ മറക്കാന്‍ സാധ്യതയില്ലാത്ത
ഒരു ദൃശ്യവിസ്മയം തന്നെ ആയിരിയ്ക്കും അത്.
No comments:
Post a Comment